സേലം: കഞ്ചാവു ലഹരിയില്‍ പതിനാറുകാനായ കൊച്ചുമകന്‍ വീടിനു തീവച്ചതിനെ തുടര്‍ന്ന് മുത്തച്ഛനും മുത്തശ്ശിയും വെന്തുമരിച്ചു. സേലം ആത്തൂര്‍ ഗ്രാമത്തിലെ കൊത്തനാംപെട്ടിയിലാണു സംഭവം. 75 വയസ്സുകാരനും ഭാര്യയായ 65 വയസ്സുകാരിയുമാണു മരിച്ചത്. ഇവരുടെ കൊച്ചുമകനെ ആത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത് ജുവനൈല്‍ ഹോമിലേക്കു മാറ്റി.
12നു പുലര്‍ച്ചെ രണ്ടോടെയാണു സംഭവം. മുത്തച്ഛനെയും മുത്തശ്ശിയെയും മുറിയില്‍ പൂട്ടിയിട്ട കൊച്ചുമകന്‍, ഓലമേഞ്ഞ വീടിനു മുകളില്‍ പെട്രോള്‍ ഒഴിച്ചു കത്തിക്കുകയായിരുന്നുവെന്നു സമീപവാസികള്‍ പൊലീസിനു മൊഴി നല്‍കി.
ദമ്പതികളുടെ നിലവിളി കേട്ട് അയല്‍വാസികള്‍ എത്തിയപ്പോള്‍ കൊച്ചുമകന്‍ വീടു കത്തുന്നതു നോക്കിനില്‍ക്കുകയായിരുന്നു.പൊലീസും അഗ്‌നിരക്ഷാ സേനയും ചേര്‍ന്ന് തീ അണച്ച് മൃതദേഹങ്ങള്‍ പുറത്തെത്തിച്ചു. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ലഹരി ഉപയോഗിക്കരുതെന്നു മുത്തച്ഛനും മുത്തശ്ശിയും നിര്‍ബന്ധിച്ചതുകൊണ്ടാണു വീടിനു തീവച്ചതെന്നു കൊച്ചുമകന്‍ പറഞ്ഞതായി പൊലീസ് പറഞ്ഞു.
