എ ആര്‍ ബാങ്ക് ക്രമക്കേട് പുറത്തുകൊണ്ട് വരുന്നതിനുള്ള പോരാട്ടത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം നല്‍കുന്ന കരുത്ത് അളവറ്റത്: കെ.ടി ജലീല്‍

കോഴിക്കോട്: എആര്‍ നഗര്‍ സഹകരണ ബാങ്കില്‍ നടക്കുന്ന തട്ടിപ്പ് പുറത്ത് കൊണ്ടുവരുന്നതില്‍ തനിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണയുണ്ടെന്ന് കെടി ജലീല്‍ എംഎല്‍എ.
എ.ആര്‍ നഗര്‍ സഹകരണ ബാങ്കില്‍ ഹരികുമാറിനെ മുന്നില്‍ നിര്‍ത്തി കുഞ്ഞാലിക്കുട്ടിയും സംഘവും നടത്തുന്ന കോടാനുകോടികളുടെ കള്ളപ്പണ-അഴിമതി- ഹവാല-റിവേഴ്സ് ഹവാല ഇടപാടുകള്‍ പുറത്ത് കൊണ്ട് വരുന്നതിനുള്ള പോരാട്ടത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം നല്‍കുന്ന കരുത്ത് അളവറ്റതാണെന്നും ജലീല്‍ ഫേസ്ബുക്കിലെഴുതി. തട്ടിപ്പ് പുറത്ത് കൊണ്ട് വരേണ്ടത് ഓരോ പൗരന്റയും ബാധ്യതയാണ്. അത് നിര്‍വ്വഹിക്കുന്നതില്‍ പിണറായി സര്‍ക്കാര്‍ മുന്നിലാണെന്നും ജലീല്‍ പറയുന്നു.

സാധാരണ ഗതിയില്‍ ഒരു പ്രാഥമിക സഹകരണ സംഘത്തില്‍ പതിനായിരത്തിനും പതിനയ്യായിരത്തിനുമിടയില്‍ അംഗങ്ങളും ഇരുപതിനായിരത്തില്‍ താഴെ എക്കൗണ്ടുകളും ഉണ്ടാകാനേ ഇടയുള്ളൂ. കൂടിയാല്‍ ഇരുപതിനായിരത്തോളം അംഗങ്ങളും ഇരുപത്തയ്യായിരത്തോളം അക്കൗണ്ടുകളും. എന്നാല്‍ എ ആര്‍ നഗര്‍ പ്രാഥമിക കാര്‍ഷിക സഹകരണ സംഘത്തില്‍ അറുപതിനായിരത്തിലധികം അംഗങ്ങളും എണ്‍പതിനായിരത്തിലധികം അക്കൗണ്ടുകളുമാണ് ഉള്ളത്. ഇതില്‍ നിന്നുതന്നെ കാര്യങ്ങളുടെ ‘ഗുട്ടന്‍സ്’ ആര്‍ക്കും പിടികിട്ടും.

എ ആര്‍ നഗര്‍ ബാങ്കില്‍ ലക്ഷങ്ങളുടെയും കോടികളുടെയും നിക്ഷേപമുള്ള അധികപേരും അവരുടെ നിക്ഷേപങ്ങളുടെ നൂറിലൊന്ന് നിക്ഷേപിക്കാന്‍ പോലും വകയില്ലാത്തവരാണ്. നിക്ഷേപകരുടെ അറിവോടെ നടത്തുന്ന കള്ളപ്പണ ഇടപാടുകള്‍ക്ക് നിക്ഷേപ സംഖ്യക്ക് ലഭിക്കുന്ന പലിശയുടെ പകുതിയാണത്രെ പ്രതിഫലമായി സമുദായപ്പാര്‍ട്ടിയുടെ നേതാവ് ‘കുഞ്ഞാപ്പ’ നല്‍കുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ജലീല്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *