ന്യൂഡല്‍ഹി : കേന്ദ്ര പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ 67 വര്‍ഷത്തിന് ശേഷം ടാറ്റാ ഗ്രൂപ്പിന്. കൈമാറ്റം 18,000 കോടി രൂപയ്ക്ക് എന്ന് ഔദ്യോഗിക പ്രഖ്യാപനം നടത്തി കേന്ദ്രസര്‍ക്കാര്‍. അടുത്ത സാമ്പത്തിക വര്‍ഷം കൈമാറ്റം പൂര്‍ത്തിയാകും. നേരത്തെ ടാറ്റ എയര്‍ലൈന്‍സാണ് എയര്‍ ഇന്ത്യയാക്കിയത്.
കേന്ദ്രമന്ത്രിസഭാ സമിതിയാണ് എയര്‍ ഇന്ത്യാ സ്വകാര്യ വത്കരണത്തിന് അംഗീകാരം നല്‍കിയത്. ജീവനക്കാരെയും മറ്റുള്ളവരെയും വിശ്വാസത്തില്‍ എടുത്താകും നടപടി പൂര്‍ത്തിയാക്കുകയെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. നടപ്പു സാമ്പത്തിക വര്‍ഷം തന്നെ കൈമാറ്റ നടപടി പൂര്‍ത്തിയാക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം.
സര്‍ക്കാര്‍ എയര്‍ ഇന്ത്യക്ക് നിശ്ചയിച്ച അടിസ്ഥാന വില 20000 കോടിക്കടുത്താണ്. ഇതിനേക്കാള്‍ 3000 കോടി അധികം ടാറ്റ ഗ്രൂപ്പ് വാഗ്ദാനം ചെയ്തതായി നേരത്തെ വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ടാറ്റ വാഗ്ദാനം ചെയ്തത് 18000 കോടി രൂപയാണ്. അജയ് സിംഗ് വാഗ്ദാനം ചെയ്തത് ഇതിലും കുറവ് തുകയാണ്. അമിത് ഷാ അദ്ധ്യക്ഷനായുള്ള സമിതിയുടെ അന്തിമ തീരുമാനം വരും മുന്‍പ് തന്നെ വാര്‍ത്ത പുറത്തായിരുന്നെങ്കിലും കേന്ദ്രം ഇത് നിഷേധിച്ചിരുന്നു.
1932ല്‍ ടാറ്റ സണ്‍സ് ആരംഭിച്ച ടാറ്റ എയര്‍ലൈന്‍സ് ആണ് 1946ല്‍ എയര്‍ ഇന്ത്യ ആയത്. 1953 ല്‍ കേന്ദ്ര സര്‍ക്കാര്‍ ടാറ്റയില്‍നിന്നു കമ്പനി ഏറ്റെടുത്തു. 2007 മുതല്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ ഇന്ത്യയുടെ ഓഗസ്റ്റ് 31 വരെയുള്ള ആകെ കടം 61,562 കോടി രൂപയാണ്. പ്രതിദിനം 20 കോടി രൂപയാണു നഷ്ടമെന്നു വ്യോമയാന മന്ത്രാലയം സൂചിപ്പിക്കുന്നു. ഇതില്‍ 15,300 കോടി രൂപയുടെ കടം ടാറ്റ ഏറ്റെടുക്കും. ബാക്കി 46,262 കോടി രൂപ സര്‍ക്കാര്‍ രൂപീകരിച്ച എയര്‍ ഇന്ത്യ അസറ്റ്‌സ് ഹോള്‍ഡിങ് ലിമിറ്റഡിന് കൈമാറും. എയര്‍ ഇന്ത്യയിലെ 209 ജീവനക്കാരുടെ സംഘവും സംഘവും കമ്പനി ഏറ്റെടുക്കാന്‍ താല്‍പര്യപത്രം സമര്‍പ്പിച്ചിരുന്നെങ്കിലും തള്ളിപ്പോയിരുന്നു. യുഎസിലെ ഇന്റര്‍അപ്‌സ് കമ്പനിയും രംഗത്തുണ്ടായിരുന്നെങ്കിലും പിന്നീട് പിന്മാറി
