എന്നോട് ആലോചിക്കണമെന്ന് പറയുന്നില്ല. ഞാന്‍ വെറും കാലണ അംഗമാണ്,ഉമ്മന്‍ ചാണ്ടി അങ്ങനെയല്ല; രമേശ് ചെന്നിത്തല

കോട്ടയം: കോണ്‍ഗ്രസിലെ നിലവിലെ ചേരിതിരിവില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അവസരം കിട്ടിയപ്പോള്‍ ധാര്‍ഷ്ട്യത്തിന്റെ ഭാഷ ഉപയോഗിച്ചിട്ടില്ലെന്നും അഹങ്കാരത്തിന്റെ ഭാഷയില്‍ സംസാരിച്ചിട്ടില്ലെന്നും ചെന്നിത്തല അവകാശപ്പെട്ടു. കോട്ടയം ഡിസിസി അധ്യക്ഷനായി നാട്ടകം സുരേഷ് ചുമതലയേല്‍ക്കുന്ന ചടങ്ങിലായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

എല്ലാവരേയും ഒരുമിച്ച് കൊണ്ടുപോകാനാണ് ശ്രമിച്ചത്. ഇഷ്ടമില്ലാത്തവരേയും ഒരുമിച്ച് കൊണ്ടുപോയി. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അപ്പുറം എല്ലാവരേയും ഒരുമിച്ച് നിര്‍ത്തി’യെന്നും ചെന്നിത്തല പറഞ്ഞു.

കോണ്‍ഗ്രസിലെ തീരുമാനങ്ങള്‍ എന്നോട് ആലോചിക്കണമെന്ന് പറയുന്നില്ല. ഞാന്‍ വെറും കാലണ അംഗമാണ്. ഉമ്മന്‍ചാണ്ടി എഐസിസി ജനറല്‍ സെക്രട്ടറിയാണ്. ഉമ്മന്‍ചാണ്ടിയോട് ചര്‍ച്ച ചെയ്യാന്‍ ബാധ്യതയുണ്ട്. പാര്‍ട്ടിയെ ഒരുമിച്ച് നിര്‍ത്താനുള്ള ബാധ്യതയാണ് നേതൃത്വത്തില്‍ നിന്ന് ഉണ്ടാകേണ്ടത്. 64 വയസ്സുള്ള താന്‍ മുതിര്‍ന്ന നേതാവായി എന്നാണ് പറയുന്നത്. ഇത് പറയുന്ന പലരും 74-75 വയസ്സ് എത്തിയവരാണ്. ഉമ്മന്‍ചാണ്ടിയെ അവഗണിച്ച് ആര്‍ക്കും മുന്നോട്ട് പോകാനാകില്ല.’

‘കോണ്‍ഗ്രസില്‍ പല പ്രശ്നങ്ങളും ഉണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. കരുണാകരന്‍ പോയപ്പോള്‍ ഉമ്മന്‍ കോണ്‍ഗ്രസ് എന്ന് പറഞ്ഞായിരുന്നു പരിഹാസം. അക്കാലയളവില്‍ ഞാനും ഉമ്മന്‍ചാണ്ടിയും ചേര്‍ന്നാണ് പാര്‍ട്ടിയെ നയിച്ചത്. വിജയങ്ങളില്‍ നിന്നും വിജയങ്ങളിലേക്കുള്ള യാത്രയായിരുന്നു ആ 17 വര്‍ഷം. ത്യാഗോജ്ജ്വലമായ പ്രവര്‍ത്തനമാണ് അന്ന് നടന്നതെന്നും’ ചെന്നിത്തല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *