കണ്ണൂര്‍: ഇ- ബുള്‍ജെറ്റ് സഹോദരങ്ങളുടെ ‘നെപ്പോളിയന്‍’ കാരവാന്റെ രജിസ്ട്രേഷന്‍ താത്കാലികമായി റദ്ദാക്കി എം വി ഡി. ഇ- ബുള്‍ജെറ്റ് സഹോദരങ്ങള്‍ക്ക് തിരിച്ചടിയായി മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി. നിലവില്‍ മൂന്ന് മാസത്തേക്കാണ് രജിസ്ട്രേഷന്‍ റദ്ദാക്കിയിട്ടുള്ളതെന്നാണ് കണ്ണൂരിലെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്.
മൂന്ന് മാസത്തിനുള്ളില്‍ വാഹനം അതിന്റെ യഥാര്‍ഥ രൂപത്തിലേക്ക് മാറ്റി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മുന്‍പില്‍ ഹാജരാക്കിയില്ലെങ്കില്‍ വാഹനത്തിന്റെ രജിസ്ട്രേഷന്‍ പൂര്‍ണമായി റദ്ദാക്കുകയാണ് നിയമം അനുസരിച്ചുള്ള അടുത്ത നടപടിയെന്നാണ് മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ പറയുന്നത്.വാഹനത്തിന്റെ രൂപം പൂര്‍ണമായും നിയമവിരുദ്ധമാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വാഹനത്തിന് രൂപമാറ്റം വരുത്തിയതിന് പിഴ ചുമത്തിയതുമായി ബന്ധപ്പെട്ട് ഇവര്‍ കണ്ണൂര്‍ ആര്‍ ടി ഓഫിസിലെത്തി പ്രശ്നമുണ്ടാക്കിയിരുന്നു. വാഹനം മോടി പിടിപ്പിച്ചത് സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ട് വ്ളോഗര്‍മാര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, ഇവര്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് കാണിച്ചാണ് നടപടി.
തുടര്‍ന്ന് വ്ളോഗര്‍മാരായ എബിന്‍, ലിബിന്‍ എന്നിവര്‍ക്കെതിരേ പോലീസ് കേസെടുത്തു. ഇതിനുപിന്നാലെ ആംബുലന്‍സിന്റെ സൈറണ്‍ ഉപയോഗിച്ച് മറ്റ് സംസ്ഥാനങ്ങളില്‍ വാഹനം ഓടിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. താക്കീത് എന്ന നിലയിലാണ് ഇപ്പോള്‍ താത്കാലികമായി രജിസ്ട്രേഷന്‍ റദ്ദാക്കിയിട്ടുള്ളത്.
