കാബൂള്‍: അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം പൂര്‍ണമായും താലിബാന്‍ ഏറ്റെടുത്തു. കാബൂളില്‍ പ്രസിഡണ്ടിന്റെ കൊട്ടാരത്തില്‍ പതാക ഉയര്‍ത്തി ഇനി ഇസ്ലാമിക ഭരണമെന്ന് പ്രഖ്യാപനം. ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍ ഉടന്‍ പ്രഖ്യാപിക്കും.
രാജ്യം വിടാനായി എത്തിയവരുടെ തിക്കും തിരക്കുമാണ് കാബൂള്‍ വിമാനത്താവളത്തില്‍. ഇതിനിടെ ഇവിടെ വെടിവെപ്പ് ഉണ്ടായതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്. . അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാനുള്ള നിര്‍ണായക യുഎന്‍ യോഗം ഇന്ന് ചേരും.
തലസ്ഥാനമായ കാബൂളിനെ നാല് വശത്ത് നിന്നും തീവ്രവാദികള്‍ വളഞ്ഞതോടെ പലയിടത്തും ചെറുത്ത് നില്‍ക്കാതെ തന്നെ അഫ്ഗാന്‍ സൈന്യം പിന്മാറുകയായിരുന്നു. രാജ്യം വിട്ടത് രക്ത ചൊരിച്ചില്‍ ഒഴിവാക്കാനെന്ന് അഷ്റഫ് ഗാനി പറഞ്ഞു. പലായനം ചെയ്ത ശേഷമുള്ള ഗാനിയുടെ ആദ്യപ്രതികരണമാണിത് .നഗരാതിര്‍ത്തി കടന്നൊരു ആക്രമണത്തിന് മുതിരാതെ ചര്‍ച്ചകള്‍ക്കായി താലിബാന്‍ സംഘം പ്രസിഡന്റിന്റെ കൊട്ടാരത്തിലെത്തി. അധികാരമൊഴിയുക അല്ലാതെ മറ്റൊരു വഴിയും പ്രസിഡന്റ് അഷ്‌റഫ് ഗാനിക്ക് മുന്നിലുണ്ടായിരുന്നില്ല.
അധികാര കൈമാറ്റം പൂര്‍ത്തിയാവും വരെ ഇടക്കാല സര്‍ക്കാരിനെ ഭരണമേല്‍പിക്കാനാണ് ധാരണ. മുന്‍ ആഭ്യന്തര മന്ത്രിയായിരുന്ന അലി അഹമ്മദ് ജലാലിയാവും ഇടക്കാല സര്‍ക്കാരിനെ നയിക്കുകയെന്നാണ് വിവരം. കാബൂള്‍ താലിബാന്‍ വളഞ്ഞതോടെ എംബസി ഉദ്യോഗസ്ഥരെയടക്കം അമേരിക്ക എയര്‍ലിഫ്റ്റ് ചെയ്ത് കൊണ്ടുപോയി തുടങ്ങി. പൗന്‍മാരെ തിരികെയെത്തിക്കാന്‍ ജര്‍മ്മന്‍ സേനയും കാബൂളിലെത്തി. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തില്ലെന്നും രാജ്യത്ത് നിന്ന് മടങ്ങുന്നവരെ ബുദ്ധിമുട്ടിക്കില്ലെന്നും താലിബാന്‍ അറിയിച്ചിരുന്നു.
അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കുമോ എന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാന്റെ കൈകളിലായതോടെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ഒഴിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദമുണ്ട്. നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തി അതിവേഗത്തില്‍ തീരുമാനമെടുക്കാനാണ് ഇന്ത്യയുടെ ആലോചന.
